മാടായിക്കോണം: വെള്ളക്കെട്ട് ഭീഷണിയെ തുടര്‍ന്ന് കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി. കനകമലയില്‍നിന്ന് ആരംഭിച്ച് രവിപുരത്ത് അവസാനിക്കുന്ന കെഎല്‍ഡിസി കനാലില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെയും പറപ്പൂക്കര പഞ്ചായത്തിന്റെയും അതിര്‍ത്തിയായ കോന്തിപുലം പാലത്തിന് കിഴക്കുഭാഗത്തായിട്ടാണ് എല്ലാ വര്‍ഷവും താത്കാലിക തടയണ നിര്‍മിക്കുന്നത്.
ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലെ 5000 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനാണ് കോന്തിപുലം പാലത്തിന് സമീപം വര്‍ഷംതോറും ലക്ഷങ്ങള്‍ ചെലവഴിച്ച് ബണ്ട് കെട്ടുന്നത്. ഡിസംബര്‍ അവസാനത്തോടെ കെട്ടുന്ന താത്കാലിക തടയണ ഏപ്രിലില്‍ കൊയ്ത്ത് കഴിയുന്നതോടെ പൊളിച്ചുനീക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ താത്കാലിക തടയണയ്ക്ക് പകരം സ്ഥിരം തടയണ നിര്‍മിക്കാനുള്ള പ്രവൃത്തികള്‍ നടക്കുകയാണ്. പാലത്തിന് പടിഞ്ഞാറുഭാഗത്ത് സ്ഥിരം തടയണ നിര്‍മിക്കുന്നതിന്റെ ഭാഗമായി വെള്ളം തടയുന്നതിനു മൂന്ന് താത്കാലിക തടയണകള്‍ നിര്‍മിച്ചിരുന്നു.
കാലവര്‍ഷം ശക്തമായതോടെ കിഴക്കുഭാഗത്തുനിന്ന് വരുന്ന വെള്ളം തടയണമൂലം പടിഞ്ഞാറോട്ട് ഒഴുകാന്‍ കഴിയാതെ വന്നതോടെ മുരിയാട് കോള്‍മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയരുകയും പറപ്പൂക്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം കയറുകയുംചെയ്തു. മുരിയാട്, ഇരിങ്ങാലക്കുട നഗരസഭ എന്നീ സ്ഥലങ്ങളിലെ പാടത്തോട് ചേര്‍ന്നുള്ള താഴ്ന്നപ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാകുകയായിരുന്നു.
മഴ തുടര്‍ച്ചയായി പെയ്താല്‍ ഈ പ്രദേശങ്ങളിലും വെള്ളം കയറും. ഈ സാഹചര്യത്തിലാണ് കനാലിലെ നാല് കെട്ടുകളും അടിയന്തരമായി പൊളിച്ചുനീക്കി വെള്ളത്തിന്റെ നീരൊഴുക്ക് പുനസ്ഥാപിച്ചത്.
താലൂക്ക് വികസനസമിതിയോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ.ചിറ്റിലപ്പിള്ളി വിഷയമുന്നയിച്ച് അടിയന്തരനടപടി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷാജു കോമ്പാറക്കാരന്‍ എന്നിവര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്കി. കൂടാതെ കര്‍ഷകരും പ്രദേശവാസികളും തടയണ പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തടയണകള്‍ പൊളിച്ചുനീക്കി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിച്ചത്.